പ്രിയ കലാം ഇനിയിത് ചെയ്യരുത് !

>> Saturday, February 27, 2010

നിങ്ങക്കെല്ലാര്‍ക്കും നമ്മടെ സ്വന്തം ശാസ്ത്രജ്ഞന്‍ അബ്ദുള്‍ കലാമിനെ അറിയാലോ അല്ലേ?ഇതെന്തൊരു ചോദ്യാ ഒളിപ്പോരാന്ന് ചോദിക്കുന്നവരുണ്ടാകും.നിങ്ങള്‍ ചോദിച്ചോ.പക്ഷേ ഒളിപ്പോരന് ഈ ഇടെയായി അബ്ദുള്‍ കലാമിനെ ഒട്ടും മനസ്സിലാവുന്നില്ല.

ഞാനീപ്പറയുന്ന കാര്യങ്ങള്‍  നടന്നിട്ട് കുറച്ച് നാളായിക്കാണും.പക്ഷേ ഒളിപ്പോരന്‍ ഇതറിയാന്‍ കുറച്ച് വൈകിപ്പോയി.
എന്തെങ്കിലും ആയിക്കോട്ടേ ആദ്യമേ ഒളിപ്പോരന്‍ ആദരസൂചകമായി പറയട്ടെ: ഇന്ത്യയുടെ അഭിമാനമായ,ഒട്ടേറെ ജീവിതാനുഭവങ്ങളുള്ള,ശാസ്ത്രലോകത്തെ കൌതുകം തന്നെയായ ഒരു മനുഷ്യനാണ് ശ്രീ അവുല്‍ പക്കീര്‍ ജനുലാബ്ദീന്‍ അബ്ദുള്‍ കലാം.അദ്ദേഹത്തിന്റെ നേട്ടങ്ങളെ മാനിക്കുന്നു.നിങ്ങളിപ്പോ ചോദിക്കും ഇതെന്ത് വര്‍ത്തമാനാ ഈ ഒളിപ്പോരന്‍ പറയുന്നതെന്ന്,ഇതെല്ലാം ഇന്ത്യയിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാല്ലൊ.കൊച്ചു കുട്ടികളുടെ വരെ മാതൃകാ പുരുഷനാണല്ലോ അബ്ദുള്‍ കലാം.അദ്ദേഹത്തിന്റെ ശാസ്ത്രപാടവത്തെയും ജീവിത വീക്ഷണങ്ങളില്‍ പലതിനെയും ഈ ഒളിപ്പോരനും ആരാധിക്കുന്നുണ്ട്.നന്നായി വലിയുന്നുണ്ടല്ലേ?നിര്‍ത്തി.


എന്നാല്‍ ഞാന്‍ കാര്യത്തിലേക്ക് കടക്കാം.ഞാന്‍ നേരത്തെ പറഞ്ഞല്ലോ ഈ അബ്ദുള്‍ കലാമിനെ എനിക്കൊട്ടും മനസ്സിലാവുന്നില്ലെന്ന്.ദൈവങ്ങളെ തന്നെ അടയാളപ്പെടുത്താന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല,ആള്‍ ദൈവത്തെ ശാസ്ത്രം ശക്തമായി എതിര്‍ക്കുന്നുമുണ്ട്.ആ ശാസ്ത്രത്തില്‍ ജ്ഞാനം നേടിയ ആളല്ലേ നമ്മുടെ അബ്ദുള്‍ കലാം.വെല്ലുവിളികള്‍ ചുറ്റുമുണ്ടെങ്കിലും മായാ ജാല വിദ്യയും ആരോഗ്യ-വിദ്യാഭ്യാസ കച്ചവടവുമായി സ്വയം ദൈവമെന്ന് ബാനറടിച്ച് പരസ്യം ചെയ്യുന്ന ഈ,മനുഷ്യന്മാര്‍ എന്ന പേര് പോലും അര്‍ഹിക്കാത്ത വഞ്ചകര്‍ പൊതുജനത്തെ വിശ്വസിപ്പിച്ച് മുന്നോട്ട് പോകുന്നുണ്ട്.നമ്മുടെ ശാസ്ത്രജ്ഞര്‍ മിക്കവരും ഇതൊക്കെ കണ്ട് മിണ്ടാതിരുക്കുവാണെങ്കില്‍ ക്ഷമിക്കാം,കാരണം അവര്‍ക്ക് പ്രതികരിക്കാന്‍ പറ്റാത്ത സ്ഥലത്ത് പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ഒരു പറ്റം യുവാക്കളുടെ സംഘം വളര്‍ന്ന് വരുന്നുണ്ട്.പക്ഷേ ഇന്ത്യയുടെ യുവത്വവും ബാല്യവും ഒരു പോലെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ശാസ്ത്രജ്ഞാനം കൂടിയ ശാസ്ത്രജ്ഞരും ഇതിന് കൂട്ടു നില്‍ക്കുന്നതിനെ ഇന്ത്യയുടെ ശാസ്ത്ര പാരമ്പര്യം എങ്ങനെ അംഗീകരിക്കും?നമ്മുടെ കലാമിന്റെ കാര്യം തന്നെയാണ് പറയുന്നത്.അമൃതാനന്ദമയിയും സായി ബാബയും ശ്രീ രവിശങ്കര്‍ അണ്ണാച്ചിയുമെല്ലാം കോര്‍പ്പറേറ്റ് വ്യവസായം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ഉയര്‍ത്തിയ വിദ്യാഭാസ-ആരോഗ്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തന്നെ തെറ്റല്ലേ?അവിടെയും അവര്‍ വ്യവസായം തന്നെയല്ലേ ഉദ്ദ്ശിക്കുന്നത്.ഇതൊന്നും ഒളിപ്പോരന്‍ പറയേണ്ട കാര്യമില്ല.നിങ്ങള്‍ക്കൊക്കെ അറിയാം.കിട്ടുന്ന കോടികള്‍ വളരെ തുച്ഛമായ ഭാഗമാണ് ‘ഭക്തന്മാരുടെ’ കണ്ണില്‍ പൊടിയിടാന്‍ പൊതുജന സേവനമായി ഉയര്‍ത്തിക്കാ‍ട്ടുന്നത്.ഒരു ശാസ്ത്രജ്ഞന് ഭക്തിയെയും യുക്തിയെയും തിരിച്ചറിയാനുള്ള കഴിവെങ്കിലും വേണ്ടേ?വലിയ ഒരു ഭക്ത വലയം അല്ലെങ്കില്‍ കോര്‍പ്പറേറ്റ് സാമ്രാജ്യം കെട്ടിപ്പടുക്കുക എന്ന് ഇക്കൂട്ടരുടെ ലക്ഷ്യത്തിനെ പൂവിട്ടു പൂജിക്കുകയാണ് ഇപ്പോള്‍ അബ്ദുള്‍ കലാമും ചെയ്തിരിക്കുന്നത്.മോഹന്‍ലാല്‍ മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിന് പോസ് ചെയ്യുന്ന പോലേ പരസ്യമായി ഉഗ്രന്‍ ഫോട്ടോക്കും പോസ് ചെയ്തു.എന്തിന് കുറക്കണം,പത്ത് മാസത്തെ തന്റെ ശമ്പളവും എഴുതിക്കൊടുത്തു ആ കള്ളിക്ക്.പ്രസിഡന്റിന്റെ ശമ്പളം കൂട്ടിയത് ഇതൊക്കെ കാണാനായിരുന്നെങ്കില്‍ വേണ്ടായിരുന്നു എന്ന് തോന്നുന്ന് ഒളിപ്പോരന്.സുനാമി ദുരിതാശ്വാസത്തിനും ഇന്ത്യയിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുറെ ഉപദേശങ്ങളുടെ കൂടെ സര്‍ക്കാരിലേക്ക് കൊടുക്കാമായിരുന്നില്ലേ കലാമേ ആ തുക.പത്ത് മാസത്തെ ശമ്പളമെന്ന് പറയുമ്പോള്‍ 10x50000=500000 രൂപ.എന്റെ കലാമേ,കോടിക്കണക്കിന് രൂപയാണ് ആ സ്ത്രീ ഭക്തി കച്ചവടത്തിലൂടെ സമ്പാദിക്കുന്നത്.അതിനിടയ്ക്ക് താങ്കളുടെ ആ സംഭാവനയ്ക്ക് ഒരു പരസ്യത്തില്‍ കുറഞ്ഞ വിലയൊന്നും അവര്‍ കല്‍പ്പിച്ചിരിക്കില്ല.ഇനി ഇങ്ങനെ എന്തെങ്കിലും സഹായം ചെയ്യാണ്ടെങ്കില്‍,എല്ലാം കച്ചവടത്തിന്റെ കണ്ണിലൂടെ കാണുകയും പകല്‍മാന്യന്മാരും ദിവ്യ മനുഷ്യരുമായി നടിക്കുന്ന ഇത്തരക്കാര്‍ക്ക് പരസ്യ മോഡലായി നില്‍ക്കാതെ അതേതെങ്കിലും സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയോ,അല്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഏല്‍പ്പിക്കുകയോ ചെയ്യുക.

താങ്കളുടെ അത്രയ്ക്കൊന്നും ശാസ്ത്ര വിജ്ഞാനമില്ലാത്ത ഒരു രാഷ്ട്രീയ നേതാവായ ശ്രീ ജവഹര്‍ ലാല്‍ നെഹ്രു ആള്‍ദൈവങ്ങളെ പരസ്യമായി എതിര്‍ത്തയാളാണ്,ഇതിപ്പോ പറയാന്‍ കാരണം അദ്ദേഹത്തിന്റെയൊക്കെ കോണ്‍ഗ്രസിന്റെ പിന്മുറയ്ക്കാരുടെ സ്ഥിര ആശ്രയമാ‍ണ് ഈ ആള്‍ദൈവങ്ങള്‍ എന്നതാണ്.ഛര്‍ദ്ദിലും ഉച്ഛിഷ്ടവും എല്ലാം കിട്ടുന്നുണ്ടാവും ഇവറ്റകള്‍ക്കും,നക്കാന്‍.

പ്രിയ കലാം ഇനിയെങ്കിലും തെറ്റ് മനസ്സിലാക്കണം.താങ്കളെ ആരാധിക്കുന്ന ഒരു പറ്റം യുവാക്കള്‍ ഇതും മാതൃകയാക്കിയാല്‍?താങ്കള്‍ തന്നെ അവരെ ഉപദേശിച്ചിരുന്നില്ലേ,സ്വപ്നം കാണാന്‍.താങ്കളുടെ സ്വപ്നങ്ങള്‍ ഇതു പോലുള്ളതാണെങ്കില്‍,അവരോട് സ്വപ്നജീവികളായിരിക്കാതെ വന്ന് പ്രതികരിക്കാന്‍ ഈ ഒളിപ്പോരന്‍ പറയുന്നു.ഇന്ത്യയുടെ പ്രഥമ പൌരനായിരുന്ന അങ്ങ് ആ സ്ത്രീയുടെ ‘മോനേ‘ വിളിക്ക് കാതോര്‍ക്കുകയാണെങ്കില്‍ താങ്കള്‍ അപമാനിക്കുന്നത് ഇന്ത്യന്‍ ജനതയെ ഒന്നടങ്കമാണ്.

ഒളിപ്പോരന്‍ വീണ്ടും പറയട്ടെ,പ്രിയ കലാം,ശാസ്ത്രലോകത്തെ താങ്കളുടെ കണ്ടുപിടിത്തങ്ങളെ ഒളിപ്പോരന്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.പക്ഷേ,ശാസ്ത്രത്തിന് നിരക്കാത്ത ഇത്തരം ജനവഞ്ചകരുടെ പ്രവൃത്തികള്‍ക്ക് അങ്ങും കൂട്ടു നില്‍ക്കുകയാണെങ്കില്‍ അത് താങ്കള്‍ക്ക് ഇത്രയധികം ബഹുമാനം തരുന്ന ഇന്ത്യന്‍ ജനതയെ അപമാനിക്കുന്നതിന് തുല്യമാണ്.തെറ്റിനെയും ശരിയെയും തിരിച്ചറിയാന്‍ കെല്‍പ്പുള്ള ഒരു വലിയ തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ താങ്കള്‍ക്ക് വലിയ പങ്കുള്ളതിനാല്‍ ഇനി ഇത്തരം ‘അമ്മമാരുടെയും അച്ഛന്മാരുടെയും മുന്നില്‍ അങ്ങ് മുട്ടുകുത്തരുതെന്ന് അപേക്ഷിക്കുന്നു.

Read more...

കാസറഗോഡിന്റെ ബാക്കി പത്രം

>> Wednesday, November 18, 2009

ചെറിയ ഒരു ഇടവേളക്ക് ശേഷമാണ് കാസറഗോഡ് എന്നിലും നിങ്ങളിലും ചോദ്യചിഹ്നമായത്.മുസ്ലീം ലീഗ് മാര്‍ച്ചും അതിനെ തുടര്‍ന്നുണ്ടായ കല്ലേറും പോലീസ് വെടിവെപ്പും ഇതൊക്കെ തുടര്‍ന്നാണ് ഈ പോസ്റ്റ് ഇടുന്നത്.ഒരു ദിവസത്തെ ഹര്‍ത്താല്‍ തന്ന ലീവില്‍ എഴുതികൂട്ടിയത്.

ആദ്യം തന്നെ കുറച്ച്നാള്‍ മുമ്പത്തെ ഒരു കാര്യം പറയട്ടെ.കാസര്‍ഗോഡ് ടൌണിലേ കുറച്ച്നാള്‍ മുമ്പേ ഞാനും എന്റെ ഒരു സുഹൃത്തും(സുഹൃത്ത് ഒരു പെണ്‍കുട്ടിയാണേ) നടന്ന് പോവുകയുണ്ടായി.തിരിച്ചെത്തിയപ്പോള്‍ അച്ഛന്‍ പറഞ്ഞത്,മോനേ എനിക്ക് പേടിയായിരുന്നു എന്നാണ്.‘അവിടെ വെച്ച് ഒരു മുസ്ലീം ആണ്‍കുട്ടിയും ഹിന്ദു പെണ്‍കുട്ടിയും നടന്ന് പോയെന്ന് പറഞ്ഞ് നിങ്ങള്‍ക്കെന്തെങ്കിലും..?‘

ഇപ്പോള്‍ നിങ്ങള്‍ കരുതിയിട്ടുണ്ടാവും ഈ ഒളിപ്പോരന്‍ ഒരു മുസ്ലീമും കൂട്ടുകാരി ഒരു ഹിന്ദുവുമാണെന്ന്.എന്നാല്‍ ആദ്യത്തെ പോസ്റ്റില്‍ തന്നെ നിങ്ങളെ പറ്റിക്കുവാന്‍ കഴിഞ്ഞ സന്തോഷത്തോടെ പറയട്ടെ,ഞാന്‍ മുസല്‍മാനല്ല.(അച്ഛന്‍ എന്നോട് അങ്ങനെ പറഞ്ഞത്,എന്നെ കണ്ട് കുറെ പേര്‍ മുസ്ലീംകുട്ടിയാ എന്ന് തെറ്റിദ്ധരിച്ച അനുഭവമുള്ളത് കൊണ്ടാവാം.)അമ്മ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു,അച്ഛന്‍ കമ്മ്യൂണിസ്റ്റായത് കൊണ്ട് ഹിന്ദുവെന്ന് പറയാറില്ല,ഈ അച്ഛന്റെ മോന് മനസ്സ്കൊണ്ട് മതവുമില്ല.

ഇപ്പോള്‍ കാസറഗോഡ് സംഭവത്തില്‍ ഒരു മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പോലീസ് വെടിവെപ്പില്‍ മരിച്ചിരിക്കുന്നു.നിര്‍ഭാഗ്യകരവും വിഷമമുണ്ടാക്കുന്നതുമാണത്.അങ്ങേയറ്റം വ്യസനത്തോടെ പറയട്ടെ,അയാള്‍ എന്റെ നാട്ടുകാരനാണ്.ഞാന്‍ കാസറഗോഡ് സംഭവത്തിലേക്ക് കൂടുതല്‍ കടക്കുന്നില്ല.കാസറഗോഡിന്റെ നിലവിളി എന്റെ ഈ കൊച്ചുഗ്രാമത്തില്‍ എങ്ങനെ പ്രതിധ്വനിച്ചു എന്ന് ഒരു കൊച്ചുദാഹരണം വഴി പറയുന്നു.പോലീസ് വെടിവെപ്പില്‍ മരിച്ച സഹോദരന്റെ മൃതദേഹം കാണാന്‍ സ്വാഭാവികമായും നാട്ടുകാരെത്തി.അക്കൂട്ടത്തില്‍,മുസ്ലീം ലീഗ് യു.ഡി.എഫില്‍ അംഗമായത്കൊണ്ടോ,മരിച്ചയാള്‍ നാട്ട്കാരനായത് കൊണ്ടോ,നാട്ടുകാരനോടുള്ള സ്നേഹം കൊണ്ടോ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചെറുപ്പക്കാരനും മൃതദേഹം കാണാനെത്തി.അയാളുടെ വേഷം ഒരു കാവിമുണ്ടും ഷര്‍ട്ടുമായിരുന്നു.കാവിമുണ്ടുടുത്തെന്ന കാരണത്താല്‍ അയാളിപ്പോള്‍ ആശുപത്രിയിലാണ്.കത്തി തുളഞ്ഞ് കയറിയത് തുടയിലാണ്.കുത്ത് കൊണ്ടയാള്‍ക്ക് ആര്‍.എസ്.എസ്.മെമ്പര്‍ഷിപ് ഇല്ലാത്തത് കൊണ്ടോ എന്തോ ഇത് വലിയ മത ലഹളയായി മാറാതിരുന്നു.അത് തന്നെ ഏറ്റവും വലിയ ആശ്വാസം.

കാസറഗോഡ് ഇതിനുമുമ്പുണ്ടായ പ്രശ്നങ്ങളൊന്നും ലീഗും ബി.ജെ.പി.യും തമ്മിലായിരുന്നില്ല.മുസല്‍മാനും ഹിന്ദുവും തമ്മിലായിരുന്നു.ഒരിക്കല്‍ മാതാ അമൃതാനന്ദമയി എന്ന സ്ത്രീ തന്റെ ഭക്തന്‍മാരോട് ചോദിച്ചു:നിങ്ങള്‍ക്കെന്തിന് മക്കളേ രാഷ്ട്രീയമെന്ന്.സ്വയം ഇരിപ്പിടം ഉറപ്പിക്കാന്‍ ജനങ്ങളെ അരാഷ്ട്രീയരാക്കാന്‍ ശ്രമിച്ച ആ സ്ത്രീയോട് തിരിച്ചു ചോദിക്കട്ടെ,നിങ്ങള്‍ക്കെന്തിനാണിങ്ങനെ മതം.കണ്ണൂരും രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉടലെടുക്കാനുണ്ടായ അത്യന്തികമായ കാരണം മതവും അത് വളര്‍ത്തിയ സംഘടനകളുമാണെന്ന് കാണാം.ഇതിന്റെ രണ്ടിന്റെയും ഇടക്ക് ഇത്തിരി ചുവപ്പിന് കീഴില്‍ ഇരിക്കുന്നത് കൊണ്ട് ഇതുവരെ ചുവപ്പ് പുതപ്പിച്ച് തെക്കോട്ടെടുത്തില്ല.പക്ഷേ എന്റെ ചോരയെ പേടിയാണെനിക്ക്.

രാഷ്ട്രീയം രാഷ്ട്രത്തിന് മൊത്തമായത് കൊണ്ട്
ഒളിപ്പോരന്‍ ഒന്ന് ചോദിച്ചോട്ടെ രാഷ്ട്രീയത്തില്‍ നിന്നെങ്കിലും മതത്തെ എടുത്തുകളഞ്ഞൂടെ?ഒരു മതവിശ്വാസത്തെയും ഒളിപ്പോരന്‍ എതിര്‍ക്കുന്നില്ലെന്ന് സ്നേഹത്തോടെ പറഞ്ഞുകൊള്ളട്ടെ.

Read more...

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP